തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ മേഖലയിൽ കേന്ദ്രസർക്കാർ പുതിയ പരീക്ഷണത്തിനു മുതിർന്നേക്കുമെന്ന ആശങ്കയാണ് കേന്ദ്ര സഹകരണ മന്ത്രാലയം രൂപവത്കരിച്ചതിൽ സംസ്ഥാന സർക്കാരിനുള്ളത്. നിധി കമ്പനികൾ, മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ എന്നിങ്ങനെ കേന്ദ്ര നിയമമനുസരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കേരളത്തിലെ സഹകരണ സംഘങ്ങൾക്കു ബദലായി വളർത്താൻ കേന്ദ്രം ശ്രമിച്ചേക്കുമെന്നാണ് ആശങ്ക. നിധി കമ്പനികൾക്ക് കേന്ദ്രസർക്കാർ നൽകുന്ന സഹകരണ പരിവേഷമാണ് ഇതിനു ബലംനൽകുന്നത്. ‘പരസ്പരാശ്രിത ധനകാര്യ സ്ഥാപനം’ എന്നതാണ് നിധി കമ്പനികൾക്ക് നൽകുന്ന നിർവചനം. ഇതാണ് സഹകരണ സംഘങ്ങളുടെയും അടിസ്ഥാന തത്ത്വം. സഹകരണ മേഖലയ്ക്ക് ശക്തമായ സാന്നിധ്യമുള്ള കേരളത്തിൽ, കേന്ദ്ര നിയന്ത്രണത്തിലുള്ള നിധി കമ്പനികൾ പെരുകുന്നത് സഹകരണ സംഘങ്ങളുടെ തകർച്ചയ്ക്കു വഴിയൊരുക്കുമെന്നാണ് ആശങ്ക. കേന്ദ്ര സഹകരണ വകുപ്പിനു കീഴിൽ നിധി കമ്പനികളെ ഉൾപ്പെടുത്തുമോയെന്നതിൽ വ്യക്തത വന്നിട്ടില്ല. പക്ഷേ, മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ രജിസ്‌ട്രേഷനും നിയന്ത്രണവും പുതിയ മന്ത്രാലയത്തിനു കീഴിലാണ്. ഇത്തരം സംഘങ്ങൾ കൂടുതലായി കേരളത്തിൽ പ്രവർത്തനം തുടങ്ങുന്നതിലും സംസ്ഥാനത്തിന് ആശങ്കയുണ്ട്. നിധികമ്പനികൾ, സഹകരണ സംഘങ്ങൾ 1. പബ്ലിക് ലിമിറ്റഡ് കമ്പനികളാണ് നിധി. മൂന്ന് ഡയറക്ടർമാരടക്കം ഏഴ് അംഗങ്ങളും അഞ്ചുലക്ഷം രൂപ ഓഹരി മൂലധനവുമുണ്ടെങ്കിൽ നിധി കമ്പനി തുടങ്ങാം. ഒരുവർഷത്തിനകം കുറഞ്ഞത് 200 അംഗങ്ങളെ ചേർക്കണം. ഓഹരിയുടമകൾ മാത്രമാകും അംഗങ്ങൾ. 18 വയസ്സുകഴിഞ്ഞ ആർക്കും അംഗങ്ങളാകാം. * സംസ്ഥാന സഹകരണ നിയമം അനുസരിച്ചാണ് സഹകരണ സംഘങ്ങൾ രജിസ്റ്റർ ചെയ്യുന്നത്. 25 പേരുള്ള കൂട്ടായ്മയ്ക്ക് സഹകരണ സംഘം തുടങ്ങാം. ഓഹരിയുടമകളാണ് എ-ക്ലാസ് അംഗങ്ങൾ. സർക്കാരിന് ബി-ക്ലാസ് അംഗത്വവും ഓഹരിയുടമകളല്ലാത്തവർക്ക് സി ക്ലാസ് അംഗത്വവും നൽകാം. എത്രപേരെ അംഗങ്ങളാക്കണമെന്നു നിർബന്ധമില്ല.2. നിധി കമ്പനികൾക്ക് പ്രവർത്തനപരിധി നിശ്ചയിച്ചിട്ടില്ല. ലാഭത്തിൽ പ്രവർത്തിക്കുന്ന നിധികൾക്ക് എവിടെയും ശാഖകൾ തുടങ്ങാം. കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന റീജണൽ ഡയറക്ടറാണ് ശാഖകൾക്ക് അനുമതി നൽകുക. * വായ്പാ സഹകരണ സംഘങ്ങൾക്ക് പ്രവർത്തനപരിധി ബാധകം. ഒരേ പ്രദേശത്ത് ഒരേ ലക്ഷ്യത്തോടെയുള്ള ഒന്നിലധികം സംഘങ്ങൾക്ക് അനുമതി നൽകില്ല. ഒരു വായ്പാ സഹകരണ സംഘത്തിന്റെ പ്രവർത്തനപരിധിയിൽ മറ്റൊന്നിന് അനുമതിയില്ല. സഹകരണ സംഘം രജിസ്ട്രാറാണ് സംഘങ്ങൾക്ക് ശാഖകളും തസ്തികകളും അനുവദിക്കുക.3. അംഗങ്ങളിൽനിന്നുമാത്രം നിക്ഷേപം സ്വീകരിക്കുകയും അവർക്കുമാത്രം വായ്പ നൽകുകയും ചെയ്യുന്നതാണ് നിധി കമ്പനികളുടെ പ്രത്യേകത. ഈട് വാങ്ങി മാത്രമുള്ള വായ്പ. സേവനമേഖലയിൽ ഇടപെടാനാവില്ല. ഉപകമ്പനികൾ രൂപവത്കരിക്കാനോ കമ്പനികളുടെ ഓഹരിയെടുക്കാനോ കഴിയില്ല. * അംഗങ്ങളുമായി മാത്രം ഇടപാട് നടത്തുന്നവയാണ് സഹകരണ സംഘങ്ങളും. ഈടില്ലാത്ത വായ്പകളും നൽകാം. കൂട്ടായ്മകൾ, സാശ്രയ സംഘങ്ങൾ, കമ്പനികൾ എന്നിവ തുടങ്ങാം. നാടിന്റെ നന്മയ്ക്കായി ലാഭവിഹിതം ഉപയോഗിക്കാം. ഡയാലിസിസ് സെന്ററുകൾ, നീതി സ്റ്റോറുകൾ, കൺസ്യൂമർ സ്റ്റോറുകളെല്ലാം ഇത്തരത്തിലുള്ളതാണ്.4. നോൺബാങ്കിങ് ഫിനാൻസ് കമ്പനികൾക്ക് റിസർവ് ബാങ്ക് നിശ്ചയിക്കുന്ന പലിശയാണ് നിധികൾക്ക് ബാധകം. ഇത് ബാങ്കിങ് മേഖലയിലുള്ളതിനെക്കാൾ കൂടുതലായിരിക്കും. നിലവിൽ നിക്ഷേപത്തിന് 12.5 ശതമാനം വരെ പലിശ നൽകുന്നുണ്ട്. നിക്ഷേപത്തിന് റിസർവ് ബാങ്കിന്റെയോ സർക്കാരിന്റെയോ ഗാരന്റിയില്ല. നിക്ഷേപപ്പലിശയുടെ 7.5 ശതമാനം അധികം വായ്പയ്ക്ക് പലിശയായി ഈടാക്കാം.* സഹകരണ സംഘങ്ങളുടെ പലിശനിരക്ക് നിശ്ചയിക്കുന്നത് സഹകരണ സംഘം രജിസ്ട്രാറാണ്. വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിശ്ചയിക്കുന്ന നിരക്ക് കണക്കാക്കിയാണിത്. നിക്ഷേപത്തിനുള്ളതിനേക്കാൾ രണ്ടുശതമാനത്തിലധികം പലിശ വായ്പയ്ക്കു വാങ്ങാൻ അനുമതിയില്ല. പലിശ സബ്‌സിഡി, കടാശ്വാസം, സംസ്ഥാനസർക്കാരിന്റെ മൊറട്ടോറിയം, പലിശരഹിത വായ്പ സ്‌കീമുകൾ എല്ലാം സംഘങ്ങൾക്ക് ബാധകമാകും. വായ്പക്കാരന് രോഗം ബാധിച്ചാലും മരിച്ചാലും ‘റിസ്ക് ഫണ്ട്’ ആനുകൂല്യം ലഭിക്കും. നിക്ഷേപത്തിന് സുരക്ഷിതത്വം ഉറപ്പാക്കാൻ സംസ്ഥാന സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോർഡ് ഉണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3yVv2Ox
via IFTTT
No comments